പാലാ: സ്നേഹഗിരി സിസ്റ്റേഴ്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന കെയർ ഹോമുകളിൽ അന്തവാസികൾക്കായി വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വയോജനങ്ങളും പരിചരണത്തിൽ കഴിയുന്നവരുമായ അന്തവാസികൾക്ക് സന്തോഷവും ആശ്വാസവും പകരുന്ന രീതിയിലാണ് ആഘോഷങ്ങൾ ക്രമീകരിച്ചത്.

മനോഹരമായ പൂക്കളം ഒരുക്കലും അന്തവാസികളും സിസ്റ്റേഴ്സും ഒരുമിച്ച് ചേർന്നുള്ള ഓണപ്പാട്ടുകളും കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. പരമ്പരാഗത രീതിയിൽ വിഭവസമൃദ്ധമായ ഓണസദ്യയും അന്തവാസികൾക്കായി ഒരുക്കിയിരുന്നു.
അന്തവാസികളുടെ മാനസിക സന്തോഷത്തിനും ഒത്തൊരുമയ്ക്കും മുൻഗണന നൽകിയാണ് എല്ലാ വർഷവും ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്ന് സഭാ അധികൃതർ വ്യക്തമാക്കി. സിസ്റ്റേഴ്സ്, കെയർ ഹോം ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ആഘോഷങ്ങൾ വിജയകരമായി പൂർത്തിയാക്കി.
