
ഞാറക്കാട്ട്: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഞാറക്കാട്ട് വിമലജ്യോതി പബ്ലിക് സ്കൂളിൽ ലൗ ഹോം അന്തേവാസികൾ മാതൃകാപരമായ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. 2026 ഒക്ടോബർ 10- ലെ മാനസിക ദിനാചരണത്തിന്റെ ഭാഗമായി ലൗ ഹോമിലെ അന്തേവാസികളായ രോഗികളെ സ്കൂളിലേക്ക് ക്ഷണിച്ചുവരുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
സ്കൂൾ പരിസരം വൃത്തിയാക്കുകയും പുതിയ ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തുകൊണ്ട് അന്തേവാസികളും വിദ്യാർഥികളും ചേർന്ന് ദിനാചരണം അവിസ്മരണീയമാക്കി. ശുചിത്വത്തിന്റെയും പ്രകൃതിസ്നേഹത്തിന്റെയും സന്ദേശം പകർന്നുനൽകിയ ഈ കൂട്ടായ്മ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും സാമൂഹിക ഉത്തരവാദിത്വവും ഓർമ്മിപ്പിക്കുന്നതായി.
വിമലജ്യോതി പബ്ലിക് സ്കൂൾ പ്രിൻസിപ്പലിന്റെയും ലൗ ഹോം മാനേജർ മദർ സിസ്റ്റർ ജൂബി ജോസിന്റെയും സംയുക്ത നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ലൗ ഹോം അന്തേവാസികൾ കൈകോർത്തു സ്കൂൾ പരിസരങ്ങൾ വൃത്തിയാക്കുകയും അനുയോജ്യമായ വളങ്ങൾ നൽകി ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.
രോഗികളിൽ ആത്മവിശ്വാസവും മാനസിക സന്തോഷവും വളർത്തുന്നതിനൊപ്പം സജീവമായ സാമൂഹിക പങ്കാളിത്തത്തിനും സ്നേഹത്തിനും പ്രോത്സാഹനം നൽകാൻ ഈ പരിപാടിയിലൂടെ സാധിച്ചു. സ്കൂൾ മാനേജ്മെന്റിന്റെയും ലൗ ഹോം പ്രവർത്തകരുടെയും സജീവ സഹകരണത്തോടെ പരിപാടി വിജയകരമായി പൂർത്തിയായി.
പ്രകൃതിയോടുള്ള കരുതലും മനുഷ്യരോടുള്ള സ്നേഹവും ഒരുമിച്ചുചേർന്ന ഈ പ്രവർത്തനം ലോക മാനസികാരോഗ്യ ദിനാചരണത്തിന് അർത്ഥവത്തായൊരു സന്ദേശമായി.
