
ലോകത്തിന് സമാധാനവും മനുഷ്യഹൃദയങ്ങൾക്ക് ആശ്വാസവും നൽകുന്ന മാതൃസ്നേഹത്തിന്റെ പ്രതീകമാണ് പരി. മറിയം. ദൈവഹിതത്തിന് പൂർണ്ണമായി സമർപ്പിച്ച മറിയത്തിന്റെ ജീവിതം വിശ്വാസത്തിന്റെയും ക്ഷമയുടെയും സമാധാനത്തിന്റെയും സാക്ഷ്യമാണ്. പ്രതിസന്ധികളിലും വേദനകളിലും അവൾ ദൈവത്തിൽ ആശ്രയിച്ചു. കാനായിലെ അത്ഭുതത്തിൽ, മറ്റുള്ളവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി യേശുവിന്റെ അടുക്കലേക്ക് അവരെ നയിച്ച മറിയം കരുണയുടെ മാതാവായി മാറുന്നു.
കുരിശിൻ ചുവട്ടിലും മറിയം തന്റെ ഹൃദയത്തിലെ സമാധാനം കൈവിടാതെ യേശുവിനോടൊപ്പം നിന്നു. അതുകൊണ്ടുതന്നെ കലഹങ്ങളും ആശങ്കകളും നിറഞ്ഞ നമ്മുടെ ജീവിതത്തിൽ മറിയം സമാധാനത്തിലേക്കുള്ള വഴികാട്ടിയാണ്. “സമാധാനത്തിന്റെ രാജ്ഞിയായ മറിയമേ, ഞങ്ങളുടെ കുടുംബങ്ങളിലും സമൂഹത്തിലും ലോകത്തിലും സമാധാനം നിറയ്ക്കണമേ” എന്ന് നമുക്ക് പ്രാർത്ഥിക്കാം.