
മാധ്യമങ്ങളിലൂടെ സുവിശേഷം പ്രചരിപ്പിച്ച ആർച്ചുബിഷപ് ഫുൾട്ടൻ ജോൺ ഷീന്റെ ജീവിതത്തെക്കുറിച്ചുള്ള ചിന്തകൾ.ടെലിവിഷനിലൂടെയും, റേഡിയോയിലൂടെയും വചനം പങ്കുവച്ച് അനേകർക്ക് സ്വർഗ്ഗത്തിന്റെ വാതിൽ തുറന്നുകൊടുത്ത അജപാലകനാണ് വാഴ്ത്തപ്പെട്ട ആർച്ചുബിഷപ്പ് ഫുൾട്ടൻ ജോൺ ഷീൻ. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സുവിശേഷ പ്രഘോഷകനാണ് അദ്ദേഹം. 30 വർഷത്തെ ടെലിവിഷൻ റേഡിയോ മാധ്യമ സുവിശേഷ ശുശ്രൂഷയിലൂടെയും, 66 പുസ്തകങ്ങളിലൂടെയും , 25 വർഷത്തെ അധ്യാപനത്തിലൂടെയും എണ്ണമില്ലാത്ത പ്രഭാഷണങ്ങൾ, സെമിനാറുകൾ , ധ്യാനങ്ങൾ എന്നിവ വഴി ക്രിസ്തുവിനെ പ്രഘോഷിച്ച അദ്ദേഹത്തെ ഈ സെപ്റ്റംബർ 24ആം തിയ്യതി തിരുസ്സഭ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയിരിക്കുകയാണ്. നവമാധ്യമശൃംഖലയിൽ ഇന്നത്തെ യുവതലമുറക്ക് അത്യധികം ധീരതയോടെ, ഓരോ കാലഘട്ടത്തിന്റെയും അവസ്ഥകളോട് ചേർന്നരീതിയിൽ സുവിശേഷം പ്രസംഗിക്കാനായി, വിശ്വാസം പങ്കുവക്കാനായി, പ്രത്യാശ പകരാനായി, സമാധാനം നൽകാനായി ദൈവം നിയോഗിച്ച ആധുനിക കാലത്തിന്റെ മാധ്യമ പ്രവാചകനാണ് വാഴ്ത്തപ്പെട്ട ആർച്ചുബിഷപ് ഫുൾട്ടൻ ജെ ഷീൻ.
ഒരു അധ്യാപകൻ,ഒരു മാധ്യമ സുവിശേഷപ്രസംഗകൻ, ഒരു അജപാലകൻ
സഭയുടെ അതിരുകൾക്കപ്പുറത്തേക്ക് ദൃശ്യ – ശ്രാവ്യ മാധ്യമങ്ങളിലൂടെ എത്തിചേർന്ന ഇടയനാണ് ഫുൾട്ടൺ ജെ. ഷീൻ. പ്രക്ഷേപണ രംഗത്ത് സജീവമായിരുന്ന ബിഷപ്പ് ഫുൾട്ടൺ ജോൺ ഷീൻ, ടെലിവിഷൻ ഷോകൾ ചിത്രീകരിക്കുമ്പോൾ ഒരിക്കലും കൈയിൽ കുറിപ്പുകളോ സഹായിക്കുന്ന ലഘുലേഖകളോ കരുതിയിരുന്നില്ല, എന്നാൽ പരിപാടിക്ക് മുന്നേയും , ക്ലാസ്സുകൾക്ക് മുന്നേയും ഒരു മണിക്കൂർ അദ്ദേഹം തയ്യാറെടുപ്പിനായി ചെലവഴിച്ചിരുന്നു. കേവലം ഒരു രൂപതക്കുള്ളിൽ ഒതുങ്ങാതെ ദൈവം സമ്മാനമായി കൊടുത്ത താലന്തുകൾ എല്ലാം എല്ലാവർക്കുമായി ഉപയോഗിച്ച പ്രഭാഷണങ്ങൾ വഴി അനേകർ മാനസാന്തരപെട്ടിട്ടുണ്ട്.
ദിവ്യകാരുണ്യസന്നിധിയിൽ നിന്നും ദിവ്യസന്നിധിയിലേക്ക്
‘വിശുദ്ധ കുർബാനയിലെ കർത്താവിന്റെ സാന്നിധ്യത്തിൽ പ്രാർത്ഥിക്കുന്ന രീതി ജനപ്രിയമാക്കാൻ ആധുനിക സഭയിൽ മറ്റാരേക്കാളും കൂടുതൽ പരിശ്രമിച്ചത് അദ്ദേഹമാണ്’ എന്ന് എഴുത്തുകാരനായ മൈക്കൽ ഡുബ്രൂയിൽ അഭിപ്രായപ്പെടുന്നുണ്ട്. അദ്ദേഹത്തിന് ക്രിസ്തുവിനെ കണ്ടെത്തുവാനും, ക്രിസ്തുവിന് അദ്ദേഹത്തെ കണ്ടെത്തുവാനും ഏറ്റവും അനുയോജ്യമായ ഒരിടമായിരുന്നു അത്. തന്റെ പൗരോഹിത്യ സ്വീകരണദിനത്തിൽ എടുത്ത പ്രതിജ്ഞയനുസരിച്ചുള്ള ‘തിരുമണിക്കൂർ’ (Holy Hour) ആചരണം അദ്ദേഹം അതീവ നിഷ്ഠയോടെ “ഒരു മണിക്കൂർ തിരുസന്നിധിയിൽ” അദ്ദേഹം ചിലവഴിച്ചു.
അമ്മത്തണലിൽ അജപാലനവും അന്തിമ വിശ്രമവും
“ഞാൻ ഏറ്റവും അധികം സ്നേഹിക്കുന്ന സ്ത്രീ” എന്ന് പരിശുദ്ധ അമ്മയെക്കുറിച്ചു പറഞ്ഞ ആർച്ച് ബിഷപ്പ് ഷീൻ പരിശുദ്ധ മറിയത്തെക്കുറിച്ച് പലപ്പോഴും പ്രസംഗിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്; ‘ദ വേൾഡ്സ് ഫസ്റ്റ് ലവ്’ (The World’s First Love) എന്ന പേരിൽ പരിശുദ്ധ മറിയത്തെക്കുറിച്ച് അദ്ദേഹം ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹം പറയുന്നു; “ഒരു കുഞ്ഞിനേക്കാൾ നന്നായി ആ കുഞ്ഞിന്റെ ആവശ്യങ്ങൾ അമ്മയ്ക്ക് അറിയാവുന്നതുപോലെ, നമ്മുടെ നിലവിളികളും ഉത്കണ്ഠകളും പരിശുദ്ധ മാതാവ് മനസ്സിലാക്കുകയും, നമ്മളെക്കുറിച്ച് നമുക്കുള്ളതിനേക്കാൾ ആഴത്തിൽ അവയെക്കുറിച്ച് അറിയുകയും ചെയ്യുന്നു.”