
1579-ൽ പെറുവിലെ ലിമയിൽ ദരിദ്രകുടുംബത്തിൽ ജനിച്ച മാർട്ടിൻ ഡി പോറസ്, ഡൊമിനിക്കൻ സഭയിലെ സന്യാസസഹോദരനായിരുന്നു. ചെറുപ്പത്തിൽ അഭ്യസിച്ച രോഗീപരിചരണത്തിന്റെ അറിവുകൾ അദ്ദേഹം പാവപ്പെട്ടവർക്കും രോഗികൾക്കും ആശ്വാസമേകാൻ ഉപയോഗിച്ചു.
വർണവിവേചനവും അപമാനങ്ങളും നേരിട്ടപ്പോഴും വിനയത്തോടെയും സ്നേഹത്തോടെയും അദ്ദേഹം എല്ലാവരെയും സേവിച്ചു. ആശ്രമത്തിലെ ചെറിയ ജോലികൾ മുതൽ രോഗികളുടെ ശുശ്രൂഷവരെ പ്രാർഥനാമനോഭാവത്തോടെ നിർവഹിച്ചു. ദരിദ്രരിലും അവഗണിക്കപ്പെട്ടവരിലും ക്രിസ്തുവിനെ കണ്ട് സ്നേഹിച്ച അദ്ദേഹത്തിന്റെ തിരുനാൾ നവംബർ 3-ന് സഭ ആചരിക്കുന്നു.
ജീവിതസന്ദേശം: ചെറിയ സേവനങ്ങളും വലിയ സ്നേഹത്തോടെ ചെയ്യുമ്പോൾ അവ വിശുദ്ധിയിലേക്കുള്ള വഴിയാകുന്നു.