
കത്തോലിക്കാ തിരുസഭ പരിശുദ്ധ ദൈവമാതാവിനെ “സ്വർഗ്ഗത്തിന്റെ വാതിൽ” (Janua Caeli) എന്ന് ഭക്തിപൂർവ്വം വിളിച്ചപേക്ഷിക്കുന്നു. മനുഷ്യരാശിയും ദൈവവും തമ്മിൽ പാപം മൂലം അകന്നപ്പോൾ, സ്വർഗ്ഗത്തിലേക്ക് വാതിൽ തുറക്കപ്പെട്ടത് മറിയത്തിന്റെ വിനയവും പൂർണ്ണമായ സമർപ്പണവും വഴിയാണ്.
”ഇതാ കർത്താവിന്റെ ദാസി, നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ” എന്ന് മറിയം നൽകിയ ആ ഒരു അനുസരണത്തിന്റെ ഉത്തരം (Fiat), ലോകരക്ഷകനായ ഈശോമിശിഹാ ഭൂമിയിലേക്ക് വരാൻ വഴിയൊരുക്കി. ദൈവത്തെ മനുഷ്യനിലേക്കും മനുഷ്യനെ ദൈവത്തിലേക്കും അടുപ്പിച്ച ആ രക്ഷാകര സമർപ്പണമാണ് മാതാവിനെ സ്വർഗ്ഗത്തിന്റെ വാതിലാക്കി മാറ്റിയത്.
ഒരു വാതിൽ അതിലൂടെ കടന്നുപോകുന്നവർക്ക് സുരക്ഷിതത്വവും സ്വാഗതവും നൽകുന്നു. അതുപോലെ, ജീവിതമാകുന്ന കടലിൽ കൊടുങ്കാറ്റുകളും പ്രയാസങ്ങളും നേരിടുമ്പോൾ, വിശ്വസ്തതയോടെ സ്വർഗ്ഗത്തിലേക്ക് വഴിനടത്താൻ മാതാവ് നമ്മെ സഹായിക്കുന്നു. മറിയം സ്വയം ഒരു ലക്ഷ്യമല്ല, മറിച്ച് തന്നിലേക്ക് അടുക്കുന്ന ഓരോ മകനെയും മകളെയും ഈശോയാകുന്ന യഥാർത്ഥ വഴിയലേക്കും ദൈവരാജ്യത്തിലേക്കും നയിക്കുന്ന പരിശുദ്ധമായ കവാടമാണ്.
ജീവിതത്തിന്റെ ക്ലേശങ്ങളിലും പരീക്ഷണങ്ങളിലും ആകുലരാകുമ്പോൾ, അമ്മയായ മറിയത്തോടു ചേർന്നുനിൽക്കാം. ആ ദിവ്യമാതാവ് തൻ്റെ മാധ്യസ്ഥ്യത്താൽ നമുക്കായി സ്വർഗ്ഗവാതിൽ എപ്പോഴും തുറന്നുപിടിച്ചിരിക്കുന്നു.
നമുക്കു ചിന്തിക്കാം :
നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് ദൈവസ്നേഹത്തിലേക്കും പ്രതീക്ഷയിലേക്കും തുറക്കപ്പെടുന്ന ഒരു ചെറിയ ‘വാതിലാകാൻ’ നമുക്ക് സാധിക്കുന്നുണ്ടോ?