
പരിശുദ്ധ മറിയം വിവേകത്തിന്റെയും ദൈവികജ്ഞാനത്തിന്റെയും ഉത്തമ മാതൃകയാണ്. ദൈവഹിതം തിരിച്ചറിയാനും ജീവിതത്തിലെ ഓരോ സാഹചര്യത്തിലും ദൈവത്തിന്റെ പദ്ധതിയോട് വിശ്വസ്തത പുലർത്താനും അവൾക്കു കഴിഞ്ഞു. അതുകൊണ്ടാണ് സഭ മറിയത്തെ “ഏറ്റം വിവേകമതിയായ കന്യക” എന്നു വിളിക്കുന്നത്.
ദൈവദൂതൻ മംഗളവാർത്ത അറിയിച്ചപ്പോൾ, എല്ലാം പൂർണമായി മനസ്സിലാക്കാൻ കഴിയാതിരുന്നിട്ടും മറിയം വിശ്വാസത്തോടെ ദൈവഹിതത്തിന് സമ്മതം നൽകി. “ഇതാ, കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ” (ലൂക്കാ 1:38) എന്ന അവളുടെ വാക്കുകൾ ആഴമായ വിവേകത്തിന്റെയും സമ്പൂർണ സമർപ്പണത്തിന്റെയും അടയാളമാണ്.