
ജീവിതയാത്രയിൽ പലപ്പോഴും അപ്രതീക്ഷിത പ്രതിസന്ധികളും കൊടുങ്കാറ്റുകളും നമ്മെ തളർത്താറുണ്ട്. മുന്നോട്ട് പോകാൻ വഴിയറിയാതെ ഇരുട്ടിൽ നിൽക്കുമ്പോൾ, ഒരു കൈത്താങ്ങായി ഒപ്പം നിൽക്കുന്ന അദൃശ്യമായ ഒരു സാന്നിധ്യമുണ്ട്—അതാണ് പരിശുദ്ധ മറിയം. സഭയുടെ ചരിത്രത്തിലും വിശ്വാസികളുടെ ജീവിതത്തിലും “ക്രിസ്ത്യാനികളുടെ സഹായം” (Auxilium Christianorum) എന്ന നാമം ആശ്വാസത്തിന്റെയും പ്രത്യാശയുടെയും വലിയൊരു അടയാളമാണ്.
ചരിത്രപരമായി നോക്കിയാൽ, സഭ കടുത്ത പീഡനങ്ങളെയും വലിയ ഭീഷണികളെയും നേരിട്ട ഘട്ടങ്ങളിലെല്ലാം വിശ്വസികളുടെ പ്രാർത്ഥനയ്ക്ക് ഉത്തരമായി മാതാവ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1571-ലെ ലെപാന്റോ യുദ്ധവേളയിലും, പത്തൊൻപതാം നൂറ്റാണ്ടിൽ പീയുസ് ഏഴാമൻ മാർപാപ്പ തുറുങ്കിലടയ്ക്കപ്പെട്ട ദുരിതകാലത്തും വിശ്വാസികൾ മരിയൻ തുണ തേടി. ആ പ്രാർത്ഥനകൾ വിഫലമായില്ല. ആത്മീയവും ഭൗതികവുമായ എല്ലാ തടസ്സങ്ങളെയും മറികടന്ന് അമ്മ തന്റെ മക്കൾക്ക് ജയവും സമാധാനവും വാങ്ങിനൽകി. എന്നാൽ, ഈ നാമത്തിന്റെ ആഴം ചരിത്രത്തിനപ്പുറം നമ്മുടെ ഓരോരുത്തരുടെയും നിത്യജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാനായിലെ കല്യാണവീട്ടിൽ വീഞ്ഞുതീർന്നപ്പോൾ മടിയുകൂടാതെ മകന്റെ അരികിൽ ചെന്ന് “അവർക്ക് വീഞ്ഞില്ല” എന്ന് പറഞ്ഞ് ആ കുടുംബത്തിന്റെ നാണക്കേട് മാറ്റിയ അമ്മയാkണ് മറിയം. അതുപോലെ, നമ്മുടെ ജീവിതത്തിലെ കണ്ണുനീരുകളും ആവശ്യങ്ങളും ഈശോയുടെ സന്നിധിയിൽ എത്തിക്കാൻ മറ്റാരെക്കാളും നന്നായി അമ്മയ്ക്കറിയാം.
നമ്മുടെ പ്രാർത്ഥനകൾ പലപ്പോഴും ഉത്തരമില്ലാതെ നീളാം; വിശ്വാസം ചോർന്നുപോകുന്ന നിമിഷങ്ങൾ ഉണ്ടായേക്കാം. ആ സമയങ്ങളിലെല്ലാം നമ്മെ കൈപിടിച്ചുയർത്താൻ ക്രിസ്ത്യാനികളുടെ സഹായമായ മാതാവ് കൂടെയുണ്ട്. “അമ്മേ” എന്ന ഒരൊറ്റ വിളിയിൽ സ്വർഗ്ഗം ഭൂമിയിലേക്ക് ഇറങ്ങിവരുന്ന അനുഭവം.
സങ്കടങ്ങളുടെ ഭാരത്താൽ തളരുമ്പോൾ, പ്രതിസന്ധികളുടെ മലകൾക്ക് മുന്നിൽ പതറിപ്പോകുമ്പോൾ, നമുക്ക് മാതാവിന്റെ ആ മാതൃഹൃദയത്തിലേക്ക് ഓടിയടുക്കാം. അവിടുത്തെ മധ്യസ്ഥത നമ്മെ വഴിനടത്തുമെന്നതിൽ സംശയമില്ല.



