
ഉക്രൈൻ-റഷ്യ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, ഉക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്കിയുമായി ഫോണിൽ ബന്ധപ്പെട്ടു സംസാരിച്ചു.
നാലു വർഷങ്ങളായി ഉക്രൈൻ-റഷ്യ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, സമാധാനത്തിനുള്ള ആഹ്വാനം നൽകിക്കൊണ്ട്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, ഉക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്കിയുമായി ഫോണിൽ ബന്ധപ്പെട്ടു സംസാരിച്ചു. ഉക്രൈനിലെ ഖേർസൺ മേഖലയിലുള്ള ഓലെഷ്കി (Oleshky) നഗരത്തിൽ ഉടലെടുത്തിരിക്കുന്ന ഭീകരമായ സാഹചര്യം ചൂണ്ടികാട്ടിക്കൊണ്ട്, അടിയന്തരമായി മാനുഷിക വെടിനിർത്തൽ നടപ്പിലാക്കണമെന്ന്, റഷ്യൻ പ്രസിഡന്റിനോട് അഭ്യർത്ഥിച്ച കാര്യം പാപ്പാ സൂചിപ്പിച്ചു. ഇരു ഭാഗത്തുനിന്നുമുള്ള സഹകരണം ഉണ്ടായാൽ മാത്രമേ, ഭക്ഷണവും വൈദ്യസഹായവും എത്തിക്കുന്നതിനും, സാധാരണക്കാരായ ജനതയെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനും സാഹചര്യങ്ങൾ ഒരുങ്ങുകയുള്ളൂവെന്നതും പാപ്പാ എടുത്തു പറഞ്ഞു. സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ വത്തിക്കാൻ എന്നും സംഭാഷണത്തിന്റെ വഴിയിലാണെന്നു പറഞ്ഞുകൊണ്ടുള്ള പ്രതിബദ്ധതയും പാപ്പാ ആവർത്തിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയിൽ ശാസ്ത്രക്രിയാനന്തരം കഴിഞ്ഞുവന്ന അവസരത്തിൽ, ലിയോ പതിനാലാമൻ പാപ്പാ, ഒക്ടോബർ മാസം പതിനാറാം തീയതി, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായും ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. ദീർഘനാളുകളായി തുടരുന്ന യുദ്ധസാഹചര്യത്തിൽ, ഏറെ വിഷമതകൾ അനുഭവിക്കുന്ന ജനതയോടുള്ള പരിശുദ്ധ പിതാവിന്റെ അടുപ്പവും പ്രതിബദ്ധതയുമാണ്, ആവർത്തിച്ചുള്ള സമാധാന ആഹ്വാനങ്ങൾ വെളിപ്പെടുത്തുന്നത്.