
ഒക്ടോബർ മാസം നാലാം തീയതി വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ എണ്ണൂറാമത് മരണ തിരുനാൾ ആഘോഷിക്കുകയാണ്. തദവസരത്തിൽ, ഫ്രാൻസിസ് അസീസിയുടെ ജീവിത മാതൃകയെയും, ഇന്നത്തെ ലോകത്തിൽ അദ്ദേഹം നൽകുന്ന ദർശനങ്ങളെയും കുറിച്ചുള്ള ചിന്തകൾ.
“കർത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഉപകരണമാക്കണമേ…” ലളിതവും മനോഹരവുമായ ഈ പ്രാർത്ഥനയാണ് വിശുദ്ധ ഫ്രാൻസിസ് അസ്സീസിയെക്കുറിച്ച് ഓർക്കുമ്പോൾ ഏതൊരു ക്രൈസ്തവന്റെയും മനസ്സിൽ ആദ്യം ഉയർന്നുവരുന്നത്. സമാധാനത്തിന്റെ അപ്പസ്തോലനും, സൃഷ്ടിയുടെ പാലകനും, സകല ജീവജാലങ്ങളുടെയും സഹോദരനുമായ വിശുദ്ധ ഫ്രാൻസിസ് അസ്സീസി കഴിഞ്ഞ എട്ടു നൂറ്റാണ്ടുകളായി അനേകർക്ക് വലിയൊരു ആത്മീയ പ്രചോദനമാണ്. ദൈവം, മനുഷ്യരാശി, പ്രകൃതി എന്നിവ തമ്മിലുള്ള സാർവത്രിക അനുരഞ്ജനത്തിലൂന്നി “സമാധാനത്തിന്റെ മനുഷ്യൻ”, “എല്ലാവരുടെയും സഹോദരൻ” എന്നീ നിലകളിൽ അദ്ദേഹത്തെ ആദരിക്കുന്നതിനാണ് 2026 ജനുവരി 10 മുതൽ ഫ്രാൻസിസ്കൻ ജൂബിലി വർഷം ആരംഭിച്ചത്.
മനുഷ്യചരിത്രത്തിൽ ഇത്രയധികം സ്വാധീനം ചെലുത്തിയ മറ്റൊരു വിശുദ്ധൻ ഉണ്ടോ എന്ന് സംശയമാണ്. കാരണം, കത്തോലിക്കാ സഭയുടെ അതിരുകൾക്കപ്പുറത്തേക്ക് ക്രിസ്തുവിന്റെ സ്നേഹം, സകല ചരാചരങ്ങളോടും സാക്ഷ്യത്തിലൂടെ സംവദിച്ചതാണ്, അദ്ദേഹത്തിന്റെ ആത്മീയതയും ജീവിതസന്ദേശവും. ആധുനിക ലോകം ഭൗതികതയുടെയും മാത്സര്യങ്ങളുടെയും തടവറയിൽ കഴിയുമ്പോൾ, എട്ടു നൂറ്റാണ്ടുകൾക്ക് മുൻപ് ഇറ്റലിയിലെ അസ്സീസിയിൽ, തന്റെ സ്വർഗീയ യാത്രയിൽ, ഉയർന്നുകേട്ട ആ ലാളിത്യത്തിന്റെ സ്വരം, ഇന്നും ജനകോടികളുടെ മനസ്സിൽ പ്രത്യാശയുടെ പ്രകാശമായി ജ്വലിച്ചുനിൽക്കുന്നു.
എണ്ണൂറാം വാർഷികത്തിന്റെ വിശുദ്ധ മുഹൂർത്തങ്ങൾ
ഈ ജൂബിലി കാലഘട്ടം ചരിത്രപരമായ ചില മഹത്തായ സംഭവങ്ങളുടെ എണ്ണൂറാം വാർഷികം കൂടിയാണ്. ക്രൈസ്തവ ലോകത്തിന് വിശുദ്ധ ഫ്രാൻസിസ് നൽകിയ അമൂല്യമായ സമ്മാനങ്ങളുടെ വാർഷികങ്ങൾ തുടർച്ചയായി ആഘോഷിക്കപ്പെടുന്ന ഒരു അപൂർവ്വ മുഹൂർത്തത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇറ്റലിയിലെ ഗ്രെച്ചോയിൽ (Greccio)1223-ൽ ലോകത്തിലാദ്യമായി പുൽക്കൂട് ഒരുക്കിയതിന്റെ എണ്ണൂറാം വാർഷികവും ഈ കാലഘട്ടത്തിൽ നാം ആഘോഷിച്ചു. ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ എളിമയും ലാളിത്യവും സാധാരണക്കാരിലേക്ക് എത്തിക്കാൻ ഫ്രാൻസിസ് കണ്ടുപിടിച്ച ആ ആശയം ഇന്നും ലോകമെമ്പാടുമുള്ള വീടുകളിൽ ക്രിസ്മസ് കാലത്ത് ജീവസുറ്റതായി നിലനിൽക്കുന്നു.
അതോടൊപ്പം, പ്രകൃതിയുടെ ദൈവീക സൗന്ദര്യത്തെ വാഴ്ത്തുന്ന പ്രശസ്തമായ ‘സൂര്യകീർത്തനം’ (Canticle of the Creatures) രചിച്ചതിന്റെ വാർഷികവും ഈ കാലഘട്ടത്തിൽ അനുസ്മരിക്കപ്പെടുന്നു. രോഗപീഡകളാൽ കഴിഞ്ഞ അവസ്ഥയിലാണ് ഫ്രാൻസിസ് പുണ്യവാൻ പ്രകൃതിയിലെ ഓരോ ഘടകത്തെയും സഹോദരനായും സഹോദരിയായും വാഴ്ത്തുന്ന ഈ അദ്ഭുത ഗീതം രചിച്ചത് എന്നത് അദ്ദേഹത്തിന്റെ ആത്മീയ ഔന്നത്യത്തെ വ്യക്തമാക്കുന്നു.
കൂടാതെ, ലാ വെർണ (La Verna) മലമുകളിൽ വച്ച് ക്രിസ്തുവിന്റെ വിശുദ്ധ മുറിവുകൾ ഫ്രാൻസിസിന്റെ ശരീരത്തിൽ പതിഞ്ഞതിന്റെ (Stigmata) എണ്ണൂറാം വാർഷികവും ഇതിനോടൊപ്പം അനുസ്മരിക്കപ്പെടുന്നു. ക്രൂശിതനായ ഈശോയോടുള്ള അഗാധമായ സ്നേഹത്തിന്റെ ബാക്കിപത്രമായിട്ടാണ് അദ്ദേഹത്തിന്റെ ശരീരത്തിൽ ദൈവീകമായ പാടുകൾ പ്രത്യക്ഷപ്പെട്ടത്. ചരിത്രത്തിൽ പഞ്ചക്ഷതം ലഭിച്ച ആദ്യ വ്യക്തിയായി അങ്ങനെ ഫ്രാൻസിസ് മാറി.
അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് ഭൗമിക ജീവിതത്തിൽ നിന്ന് സ്വർഗ്ഗീയ ഭവനത്തിലേക്ക് കടന്നുപോയതിന്റെ (1226 ഒക്ടോബർ 3 – 2026 ഒക്ടോബർ 3) എട്ടാം ശതാബ്ദി കൊണ്ടാടുമ്പോൾ ആഘോഷത്തിന്റെയും, അതോടൊപ്പം ആത്മീയ വിശുദ്ധീകരണത്തിന്റെയും മറ്റൊരു മഹത്തായ അവസരം കൂടി നമുക്ക് മുന്നിൽ തുറക്കപ്പെടുകയാണ്.
പ്രകൃതിയെ സംരക്ഷിക്കുക, സൃഷ്ടികളെ സ്തുതിക്കുക
സൃഷ്ടികളെയും പ്രകൃതിയെയും അളവറ്റ് സ്നേഹിച്ച ഫ്രാൻസിസ് പുണ്യവാളനെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ പരിസ്ഥിതിയുടെയും ജീവജാലങ്ങളുടെയും മധ്യസ്ഥനായി നാമകരണം ചെയ്തു. പ്രകൃതിയെ കേവലം ഉപഭോഗവസ്തുവായി കാണുന്ന ആധുനിക ലോകത്തിന് നൂറ്റാണ്ടുകൾക്ക് മുൻപേ പരിസ്ഥിതി സംരക്ഷണത്തിന്റെ പവിത്രത കാണിച്ചുതന്ന മഹാത്മാവാണ് ഫ്രാൻസിസ് അസീസി.
സകല സൃഷ്ട വസ്തുക്കളും ഒരേ ദൈവത്തിന്റെ കൈവേലയാണെന്ന തിരിച്ചറിവ് വിശുദ്ധ ഫ്രാൻസിസിനുണ്ടായിരുന്നു. അതിനാൽ പ്രകൃതിയിലെ സകലതും അദ്ദേഹത്തിന് സഹോദരീസഹോദരന്മാരായിരുന്നു. സൂര്യനെ ‘സഹോദരൻ’ എന്നും, ചന്ദ്രനെയും നക്ഷത്രങ്ങളെയും ‘സഹോദരിമാർ’ എന്നും, ജലത്തെയും ഭൂമിയെയും ‘സഹോദരി’ എന്നും വിളിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. പറവകളോടും കാട്ടുമൃഗങ്ങളോടും സുവിശേഷം പ്രസംഗിച്ച ഫ്രാൻസിസിന്റെ കഥകൾ ആത്മീയ ചരിത്രത്തിലെ അപൂർവ്വ ഏടുകളാണ്.
ഉപസംഹാരം
“എന്റെ കർത്താവിനെ സ്തുതിക്കുകയും വാഴ്ത്തുകയും അവന് നന്ദി പറയുകയും ചെയ്യുക. വലിയ വിനയത്തോടെ അവിടുത്തെ ശുശ്രൂഷിക്കുക.” 1226 ഒക്ടോബർ 3-ന് പോർസ്യുങ്കോളയിലെ ചെറിയ ആശ്രമത്തിൽ വച്ച്, മരണം എന്ന ‘സഹോദരിയെ’ സ്വാഗതം ചെയ്തുകൊണ്ട് ഫ്രാൻസിസ് സ്വർഗ്ഗീയ ഭവനത്തിലേക്ക് കടന്നുപോയി. ജീവിച്ചിരിക്കുമ്പോൾ തന്നെ വിശുദ്ധനായി ജനങ്ങൾ വണങ്ങിയിരുന്ന ഫ്രാൻസിസിനെ, മരണപ്പെട്ട് വെറും രണ്ടു വർഷത്തിനുള്ളിൽ (1228-ൽ) ഗ്രിഗറി ഒൻപതാമൻ പാപ്പാ ഔദ്യോഗികമായി വിശുദ്ധനായി പ്രഖ്യാപിച്ചു. ഒക്ടോബർ 4 അവിടുത്തെ തിരുനാളായി ലോകമെമ്പാടുമുള്ള സഭ ഭക്തിപൂർവ്വം ആഘോഷിക്കുന്നു.
കഴിഞ്ഞ എട്ടു നൂറ്റാണ്ടുകളായി ലോകത്തെയും കോടിക്കണക്കിന് മനുഷ്യരെയും ഇത്രമാത്രം സ്വാധീനിച്ച വിശുദ്ധ ഫ്രാൻസിസിന്റെ എല്ലാ നന്മകൾക്കും അടിസ്ഥാനം യേശുക്രിസ്തുവും അവിടുത്തെ സുവിശേഷവുമായിരുന്നു. ഈ ജൂബിലി വർഷത്തിൽ, വിശുദ്ധ ഫ്രാൻസിസ് കാണിച്ചുതന്ന ആ ദിവ്യപ്രകാശം നമ്മുടെ വഴികളിൽ വെളിച്ചമായും, ക്രിസ്തുവിന്റെ സുവിശേഷം നമ്മുടെ ജീവിതനിയമമായും മാറട്ടെ.